സ്റ്റിഗ്മ/Stigma
സ്റ്റിഗ്മ എന്നതിനെ മലയാളത്തില്‍ വേര്‍തിരിച്ചുകാണുക എന്നു വേണമെങ്കില്‍ പറയാം. ഇന്ന് ഈ പദം ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നുവെങ്കിലും ഇതിന്റെ ഉല്പത്തി ഗ്രീക്കു ഭാഷയില്‍ നിന്നുമാണ്. എന്താണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്? നമ്മുടെ ജീവിതത്തില്‍ നാമെല്ലാം ചിലരെയെങ്കിലും വേര്‍തിരിച്ചുകാണുക പതിവാണ്. അവര്‍ക്ക് നാം ചിലപ്പോള്‍ മാനസികമായും ശാരീരികമായും ഒരുതരം വിലക്കു കല്‍പ്പിക്കുന്നതായും കണ്ടെന്നു വരാം.നമ്മുടെ നാട്ടില്‍ ജാതി, മതം, രാഷ്ട്രീയം, ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ പേരില്‍ പലരേയു നാം വേര്‍തിക്കുന്നു. അവരോട് അടുക്കുന്നതിനേപ്പറ്റി ചിന്തിക്കാന്‍പോലും മടിക്കുന്നു. ഇന്നത്തെ പുരോഗമന കാലഘട്ടത്തില്‍ ചില മനുഷ്യരെ നാം എന്തുകൊണ്ടോ മാനസികമായി അംഗീകരിച്ചുകൊടുക്കുവാന്‍ തയാറാകുന്നില്ല. ഈ മാനസികാവസ്ഥയെ വേണമെങ്കില്‍ നമുക്ക് സ്റ്റിഗ്മ എന്നു വിളിക്കാം.
സ്റ്റിഗ്മ രൂപപ്പെടുന്നത് പ്രധാനമായും മൂന്നു സ്റ്റേജുകളിലൂടെയാണ്. ആദ്യമായി വേര്‍തിരിവിനു വിധേയനാകുന്ന വ്യക്തിയെ പ്രത്യേകമായി മാറ്റി നിറുത്തുന്നു. പിന്നീട് അയാളെക്കുറിച്ച് ചില വിശ്വാസങ്ങള്‍ സമൂഹത്തില്‍ ക്രമേണ രൂപപ്പെടുന്നു. അവസാനമായി ഈ വ്യക്തിയോടുള്ള സമീപനത്തിനു തന്നെ മാറ്റം സംഭവിക്കുന്നതായും കണ്ടുവരുന്നു. ഇങ്ങിനെ വേര്‍തിരിച്ചു മാറ്റപ്പെട്ടവരെ സമൂഹം അവഗണിക്കുകയും ഇവരോടുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യുമെന്നതിനാല്‍ ഈ വ്യക്തികള്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ, മറ്റുള്ളവരെ മനസ്സിലാക്കുവാനുള്ള അവസരവും നിഷേധിക്കപ്പെടുന്നു.
അപരിചിതരോടുള്ള പേടി, അവിശ്വാസ്യത,രോഗഭീതി തുടങ്ങിയവ ചരിത്രപരമായി സ്റ്റിഗ്മയുടെ കാരണങ്ങളാണ്. എയിഡ്സ് രോഗം, മാനസിക രോഗങ്ങള്‍ തുടങ്ങിയവ സമൂഹത്തില്‍ വളരെയധികം വേര്‍തിരിവു മനോഭാവത്തിനു വിധേയമാകപ്പെടുന്ന രോഗങ്ങളാണ്. നമ്മുടെ ഓരോരുത്തരുടെയും അടിസ്ഥാന സമീപനങ്ങളിലുള്ള മാറ്റങ്ങള്‍ ഒരു പരിധിവരെ സ്റ്റിഗ്മ ഒഴിവാക്കാന്‍ നമ്മെ സഹായിക്കും.


Leave a comment!